Friday, July 6, 2012

വൈക്കം മുഹമ്മദ് ബഷീര്‍

വൈക്കം മുഹമ്മദ് ബഷീര്‍








മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബേപ്പൂര്‍ സുല്‍ ത്താന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 18 ആം ചരമ വാര്‍ഷിക ദിന മാണ് ജൂലായ്‌ 5ന് . ആധുനിക മലയാള സാഹിത്യത്തില്‍  ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍  എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അദ്ദേഹത്തെയാണ്. 1982-ല്‍ ഇന്ത്യാ ഗവണ് മെന്‍റ്‍ പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു. 

സാമാന്യം മലയാളഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍  സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കില്‍  ബഷീര്‍  സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍  ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോള്‍ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയില്‍പ്പുള്ളികളും , ഭിക്ഷക്കാരും, വേശ്യകളും,പട്ടിണിക്കാരും, സ്വവര്‍ഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ ,വികാരങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍  സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമര്‍ശനം നിറഞ്ഞ ചോദ്യങ്ങള്‍ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തില്‍  ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ മാത്രം നായകന്‍മാരാവുക, മുസ്ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകള്‍ക്ക് മോചനം നല്‍കിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. ഇസ്ലാം മതത്തില്‍  ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങള്‍ക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

1908 ജനുവരി 19[2] ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍  ഉള്‍പ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തില്‍  ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.
രസകരവും സാഹസികവുമാണ്‌ ബഷീറിന്റെ ജീവിതം. സ്കൂള്‍ പഠനകാലത്ത്‌(9-ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍  നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തില്‍  വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീര്‍ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി.ഗാന്ധിജിയെ തൊട്ടു എന്ന് പില്‍ക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. 1930-ല്‍  കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍  ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയില്‍  തീവ്രവാദ സംഘമുണ്ടാക്കി.തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികള്‍. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടര്‍ന്നു കുറേ വര്‍ഷങ്ങള്‍  ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവില്‍  ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയില്‍  ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടര്‍ന്നുളള സഞ്ചാരം.ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍  അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും-തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു, ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാര്‍  മലയാള സാഹിത്യത്തില്‍  വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയില്‍  കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളില്‍  കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീര്‍  പത്രാധിപരുടെയടുത്തെത്തിയത്. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീര്‍  ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകര്‍  നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.
ഏറെ വൈകിയാണ് ബഷീര്‍  വിവാഹിതനായത്. ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 1994 ജൂലൈ 5-ന് ബഷീര്‍  അന്തരിച്ചു.


ബഷീര്‍ : അവാര്‍ഡുകള്‍ , ബഹുമതികള്‍



കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്/1970
സ്വാതന്ത്ര്യസമരഭടന്‍ എന്ന നിലയില്‍ താമ്രപത്രം/1972
കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്/1981
പത്മശ്രീ/1982
അബൂദബി മലയാളസമാജം അവാര്‍ഡ്/1983
കോഴിക്കോട് സര്‍വകലാശാലയുടെ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം/1987
സംസ്‌കാരദീപം അവാര്‍ഡ്/1987
ലളിതാംബിക അന്തര്‍ജ്ജനം സാഹിത്യ അവാര്‍ഡ്/1992
പ്രേംനസീര്‍ അവാര്‍ഡ്/1992
മുട്ടത്തുവര്‍ക്കി അവാര്‍ഡ്/1993
വള്ളത്തോള്‍ പുരസ്‌കാരം/1993
ജിദ്ദ 'അരങ്ങ്' അവാര്‍ഡ്/1994

Credit:aupschool chittilanchery

2 comments:

Anonymous said...

IT IS NICE

Anonymous said...

SUPERB